വിദേശ യാത്ര കൊണ്ട് പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: വിദേശ യാത്ര കൊണ്ട് പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വിദേശയാത്ര അനിവാര്യമായിരുന്നു. ഫിൻലാൻഡ്, നോർവെ, യുകെ എന്നിവടങ്ങളാണ് സന്ദർശിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ കുടിയേറ്റം എളുപ്പമാക്കാന്‍ ചര്‍ച്ചകളുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ 3000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നവംബറിൽ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹിന്ദുജ ഗ്രൂപ്പ് പ്രതിനിധികൾ കേരളം സന്ദർശിക്കും. ഐടി മേഖലയിലെ നിക്ഷേപം പഠിക്കാനാണ് സന്ദർശനം. ഹിന്ദുജ ഗ്രൂപ്പിന് വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും നിക്ഷേപത്തിന് താൽപ്പര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതി ദുരന്തം തടയാന്‍ നോര്‍വെ പിന്തുണ നല്‍കിയിട്ടുണ്ട്. പ്രളയ മാപ്പിങ്ങിന് നോര്‍വെ സഹായം വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരളസഭയുടെ യൂറോപ്യൻ-യുകെ മേഖലാ സമ്മേളനത്തിൽ ഒക്ടോബര്‍ ഒൻപതിന് പങ്കെടുത്തു. ലോകസമാധാന സമ്മേളനം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ടു. പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം യോഗത്തിലുണ്ടായിരുന്നു. വിദേശത്തെ മലയാളി പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ഉപയോഗിക്കാനുള്ള വഴികൾ യോഗത്തിൽ ചര്‍ച്ചയായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോർക്ക വഴി അവസരമൊരുക്കും. ഇതിനായി യുകെയിലെ ഏജൻസികളുമായി നോര്‍ക്ക ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുണ്ട്. ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്സിംഗ് പ്രൊഫഷണലുകളെ കൂടാതെ ഇതരമേഖലയിലെ പ്രൊഫഷണലുകൾക്കും യുകെ കുടിയേറ്റം സാധ്യമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഭിമുഖ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് ഐഇഎൽടിസ് അടക്കമുള്ളവ ഇല്ലാതെ തന്നെ നോര്‍ക്ക റൂട്ട്സ് വഴി ഓഫര്‍ ലെറ്റര്‍ നൽകും. ലെറ്റര്‍ ലഭിച്ച ശേഷം ഈ പരീക്ഷ പാസായാൽ മതി. ഇനിയും അന്താരാഷ്ട്രതലത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഒട്ടനവധി തൊഴിൽ സാധ്യതകളുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മനുഷ്യതട്ടിപ്പും, വിസാ തട്ടിപ്പും അടക്കമുള്ള പ്രശ്നങ്ങൾ നാം നേരിടുണ്ട്. ഇതു തടയാൻ ഓപ്പറേഷൻ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് അരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.