ക്ഷേമപെൻഷനുകൾ മുടങ്ങി
തിരുവനന്തപുരം : പിണറായി സർക്കാരിനെ ജനകീയമാക്കിയ സാമൂഹ്യക്ഷേമപെന്ഷനുകൾ മുടങ്ങി.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്.ജി എസ് ടി നഷ്ടപരിഹാരം നിന്നതോടെ വരുമാനമാര്ഗങ്ങൾ ഇല്ലാതായിരിക്കുകയാണ് സർക്കാരിന്.വ്യാപകമായി കടമെടുത്ത് ദൈനംദിനകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് സർക്കാർ.കിഫബിയിലെ കടം പെരുകുമ്പോൾ തന്നെയാണ് സർക്കാരിന്റെ ഈ ദുരവസ്ഥ.
ഈ മാസത്തെ ശമ്പളവും പെന്ഷനും വിതരണം ചെയ്യുന്നതിനായി റിസർവ് ബാങ്ക് മുഖേന കടപത്രമിറക്കി സർക്കാർ 2000 കോടി കഴിഞ്ഞ ദിവസം വായ്പ എടുത്തിരുന്നു .23 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.83 % പലിശക്കായിരുന്നു കടമെടുപ്പ്.
.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ആദ്യമായാണ് സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ മുടങ്ങിയത്. കഴിഞ്ഞ മാസത്തെ പെൻഷൻ കൂടി മുടങ്ങിയാൽ തുടർച്ചയായി രണ്ടു മാസം ക്ഷേമ പെൻഷൻ വിതരണം തടസ്സപ്പെടും.നിലവിൽ 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമപെൻഷൻ വാങ്ങുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്നോ നാലോ മാസത്തെ പെൻഷൻ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.
എന്നാൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു മുൻപ് വോട്ട് ലക്ഷ്യമിട്ട് പെൻഷൻ പ്രതിമാസം നല്കാൻ തീരുമാനിച്ചു.സർക്കാരിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെയുള്ള തീരുമാനമായിരുന്നു അതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ധനവകുപ്പ്.ഓരോ മാസവും ക്ഷേമപെന്ഷൻ നല്കാൻ 774 കോടി രൂപയാണ് വേണ്ടത്.സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ചവർക്കുള്ള പെന്ഷനും നല്കാൻ പാടുപെടുമ്പോൾ ക്ഷേമപെൻഷൻ ബാധ്യത കൂടി നിറവേറ്റാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അതേ സമയം രാജ്യത്തെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവ് വർധിച്ചിട്ടുണ്ട്.കടപ്പത്ര ലേലത്തിലൂടെ കേരളം ഉൾപ്പടെയുള്ള 10 സംസ്ഥാനങ്ങൾ 19500 കോടി രൂപ സമാഹരിച്ചിരുന്നു.അതിനിടെ സംസ്ഥാനത്തിന്റെ പൊതുകടം ഇക്കൊല്ലം ഇതുവരെ 15000 കോടി ആയി. കേന്ദ്രം ആകെ അനുവദിച്ചിട്ടുള്ളതാകട്ടെ 17936 കോടി രൂപയും. കൂടുതൽ തുക കടമെടുക്കാൻ കേന്ദ്രം അനുവദിച്ചില്ലെങ്കിൽ ശമ്പളവും പെന്ഷനും അടക്കമുള്ള ചെലവുകൾക്ക് വരും മാസങ്ങളിൽ ബുദ്ധിമുട്ടും.