കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്. വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്. ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് അവാർഡ്.
ലണ്ടനിൽ ലോക ട്രാവൽ മാർട്ടിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.
"കേരള ടൂറിസം മികച്ചത്"; പ്രശംസിച്ച് ജർമൻ കുടുംബം
കേരള ടൂറിസത്തെ പ്രശംസിച്ച് ഉലകം ചുറ്റിയ ജർമൻ കുടുംബം. ഹിപ്പി ട്രെയിൽ എന്നറിയപ്പെടുന്ന കുടുംബം മന്ത്രി മുഹമ്മദ് റിയാസിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കേരളത്തോടുള്ള ഇഷ്ടം അറിയിച്ചത്.
സ്വന്തം വാനിൽ 90 രാജ്യങ്ങൾ സഞ്ചരിച്ച തോർബനും കുടുംബത്തിനും ഏറെ പ്രിയപ്പെട്ടത് കേരളമാണ്. മലയാളികളുടെ സ്നേഹവും ആതിഥ്യമര്യാദയും മറ്റെങ്ങും ലഭിച്ചിട്ടില്ല. വളരെയധികം പ്രത്യേകതയുള്ള സ്ഥലമാണ് കേരളം. കേരള ടൂറിസം മികച്ചതാണെന്നും ഏത് സാഹചര്യത്തിലും എവിടെയും ജീവിക്കാൻ പറ്റുമെന്നും ഇവർ മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പറഞ്ഞു.
ആലപ്പുഴ, കോവളം, കൊച്ചി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങൾ ഇതിനോടകം കുടുംബം സന്ദർശിച്ചു കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗ്ഗം എന്നാണ് ഇവർ മൂന്നാറിനു നൽകുന്ന പുതിയ വിശേഷണം. ഇനിയും കണ്ടുതീരാത്ത കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വീണ്ടും കേരളത്തിലേക്ക് വരണമെന്ന് മന്ത്രി ജർമൻ കുടുംബത്തിനോട് ആവശ്യപ്പെട്ടു.
സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും കേരളത്തിന് മതേതരത്വത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്കകം 297 കാരവൻ അടങ്ങുന്ന കാരവൻ ടൂറിസം നിലവിൽവരികയും സാധാരണക്കാർക്കുകൂടി കാരവാൻ സഞ്ചാരം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ വടക്കൻ കേരളം സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ് തോർബനും കുടുംബവും.