മണ്ഡലകാലത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിലും മേൽശാന്തി അഗ്നിപകരും. തുടർന്ന് ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാണ്. 12 സ്ഥലങ്ങളിൽ തത്സമയ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിൽ മാത്രം 10 കൗണ്ടറുകൾ തുറക്കും. ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കാണ് തത്സമയ ബുക്കിങ്. ബുക്കിങ്ങിന് ഫീസില്ല. രേഖകൾ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തിൽ പൊലീസ് പരിശോധിക്കും.
വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നത് എങ്ങനെ?
ഇ- മെയിൽ ഐഡി നൽകി പാസ് വേഡ് സൃഷ്ടിക്കണം. ഇതു വീണ്ടും ഉറപ്പാക്കിയശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ബോക്സിൽ ടിക്ക് ചെയ്യണം
ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് സൈറ്റിൽ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാകും.
ദർശനസമയം തെരഞ്ഞെടുക്കാം
വെബ്സൈറ്റിലെ ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ഇ-മെയിൽ ഐഡിയും പാസ് വേഡും നൽകി ലോഗിൻ ചെയ്യണം. വിൻഡോയിൽ വെർച്വൽ ക്യൂ ബട്ടൺ അമർത്തണം.
10 പേരെ ഒരു അക്കൗണ്ടിൽ ബുക്ക് ചെയ്യാം. വ്യക്തിഗത വിവരങ്ങൾ കൃത്യമാകണം. ഇതിനായി ആഡ് പിൽഗ്രിം എന്ന ബട്ടൺ അമർത്തുക. ഒരോ വ്യക്തിയുടെയും ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകണം.
ദർശനത്തിന് ഉദ്ദേശിക്കുന്ന ദിവസവും സമയവും നല്‍കണം. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയായെന്ന സന്ദേശം മൊബൈലില്‍ ലഭിക്കും.
കൂപ്പണ്‍ പ്രിന്റ് ചെയ്ത് കൈയിൽ കരുതണം. മൊബൈൽ ഫോണിൽ കാണിച്ചാലും മതി