സർക്കാരിനും സർവ്വകലാശാലയ്ക്കും പ്രിയ വർഗീസ് നും തിരിച്ചടി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ. പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് ഹൈകോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ ഹൈകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികപരമല്ല. അധ്യാപന പരിചയം സര്‍വകലാശാല സ്ക്രൂട്ടിനി കമ്മിറ്റി പരിഗണിച്ചില്ല. അസോ. പ്രഫസര്‍ തസ്തികയില്‍ മതിയായ പരിചയമില്ല. എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്ററായുള്ള കാലയളവും സ്റ്റുഡന്‍റ് സര്‍വീസ് ഡയറക്ടറായുള്ള കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കാണാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. യു.ജി.സിയുടെയും ഹരജിക്കാരുടെയും വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രിയയുടെ വാദങ്ങള്‍ തള്ളി.
നിയമനങ്ങള്‍ നടത്തുമ്ബോള്‍ യു.ജി.സി ചട്ടം പാലിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ പ്രവൃത്തി പരിചയം അധ്യാപകര്‍ക്ക് ആവശ്യമാണ്. അസി. പ്രഫസര്‍ തസ്തികയില്‍ അധ്യാപികയായി പ്രിയ ജോലി ചെയ്തിട്ടില്ല. ഗവേഷണ കാലഘട്ടം അധ്യാപനപരിചയമായി കണക്കാക്കാനാകില്ല. ഇത് അയോഗ്യതയാണെന്നും കോടതി നിരീക്ഷിച്ചു. സര്‍വകലാശാലകളിലും കോളജുകളിലും യു.ജി.സി മാനദണ്ഡം പാലിക്കണം. അധ്യാപന പരിചയം തസ്തികയുടെ അടിസ്ഥാനത്തിലല്ല. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ആകണമെന്നാണ് യു.ജി.സി ചട്ടമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി
അധ്യാപന പരിചയമില്ലാത്തവരെ അധ്യാപകരായി കാണാനാകില്ല. അധ്യാപകര്‍ രാഷ്ട്ര നിര്‍മാതാക്കളും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടവരുമാണ്. അവര്‍ മെഴുകുതിരി പോലെ പ്രകാശിക്കണം. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോ. പ്രഫസര്‍ തസ്തിക നിയമനത്തിനുള്ള താല്‍ക്കാലിക പട്ടികയില്‍ പ്രിയക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍, അഭിമുഖത്തില്‍ കൃത്രിമം കാണിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയതെന്നും പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും ചൂണ്ടിക്കാട്ടി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ ഹരജി നല്‍കുകയായിരുന്നു.
ഹരജിയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരജിയില്‍ നടന്ന വാദത്തിനിടെ പ്രിയ വര്‍ഗീസിനെതിരെ ഹൈകോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും നാഷനല്‍ സര്‍വിസ് സ്കീം (എന്‍.എസ്.എസ്) കോഓഡിനേറ്റര്‍ എന്ന നിലയില്‍ കുഴിവെട്ടുമ്ബോള്‍ നിര്‍ദേശം നല്‍കുന്നത് അധ്യാപന പരിചയമാകില്ലെന്നും ഹൈകോടതി വിമര്‍ശിക്കുകയുണ്ടായി. ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വിസ്, എന്‍.എസ്.എസ് കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവൃത്തിക്കുമ്ബോള്‍ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതിരുന്നതോടെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
പ്രിയക്ക് അസോ. പ്രഫസര്‍ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ് ഹരജിക്കാരന്‍റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വര്‍ഷത്തില്‍ താഴെയാണ്. ആകെ അഞ്ചു വര്‍ഷവും അഞ്ചു ദിവസവും മാത്രമാണ് അധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി. എന്നാല്‍, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സര്‍വിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനം അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വര്‍ഗീസ് ഉന്നയിച്ചത്. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യു.ജി.സി വ്യക്തമാക്കി.
മതിയായ അധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നോയെന്നും ഇത് വ്യക്തമാക്കുന്ന രേഖ അപേക്ഷക്കൊപ്പം നല്‍കിയിരുന്നോയെന്നും കോടതി പ്രിയയോട് പല തവണ ആരാഞ്ഞു. അത്തരത്തില്‍ ഹാജരാക്കിയ രേഖകള്‍ മാത്രമേ കണക്കിലെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി ഹരജി ഇന്ന് വിധി പറയാന്‍ മാറ്റിയത്.b പ്രിയ വർഗീസ് വിഷയത്തിൽ ഉണ്ടായ വിധിയും ഗവർണറുടെ വാദങ്ങൾക്ക് കൂടുതൽ കരുത്ത് കൂട്ടുന്നതാണ്. അതുകൊണ്ടുതന്നെ സർക്കാർ സമാനതകളില്ലാത്ത തിരിച്ചടിയാണ് ഈ വിഷയങ്ങളിൽ എല്ലാം നേരിടുന്നത്.