തിരുവനന്തപുരം: പിണറായി ഭരണത്തിനെതിരെ പൗരവിചാരണ എന്ന പേരിൽ കെപിസിസി ആഹ്വാനം ചെയ്ത രണ്ടുമാസം നീളുന്ന സമരപരമ്പരകൾക്ക് നാളെ തുടക്കമാകും. പ്രക്ഷോഭപരിപാടികൾക്ക് മുന്നോടിയായി നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സമരപരിപാടികളുടെ ഭാഗമായി ഡിസംബറിൽ പതിനായിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയൽ സമരവും സംഘടിപ്പിക്കും.
സംസ്ഥാന സർക്കാരിന്‍റെ ഭരണപരാജയത്തിനും ജനദ്രോഹനടപടികൾക്കുമെതിരെ രണ്ട് മാസം നീളുന്ന പ്രക്ഷോഭ പരിപാടികൾക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. മൂന്ന് ഘട്ടങ്ങളായാണ് കെപിസിസി സമരപരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. സമരപരമ്പരകളുടെ ആദ്യഘട്ടമായി നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കാണ് മാർച്ച്. സർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടമായി നവംബർ 20 മുതൽ 30 വരെയുള്ള തീയതികളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ഡിസംബറിൽ നടക്കുന്ന മൂന്നാം ഘട്ടത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ‘സെക്രട്ടേറിയറ്റ് വളയൽ’ സമരം നടത്തുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു.
ക്രമസമാധാന തകർച്ചയും പോലീസ് അതിക്രമങ്ങളും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്ന വിലയിരുത്തലിലാണ് ബഹുജനപ്രക്ഷോഭത്തിന് കോൺഗ്രസ് തയാറെടുക്കുന്നത്. പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും വേണ്ടി സർവകലാശാലകളിലും സർക്കാർ വകുപ്പുകളിലും നടത്തിയ അനധികൃത നിയമനങ്ങൾ, വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമുമ്പോഴും നിസംഗത പുലർത്തുന്ന സർക്കാർ നിലപാട്, സിപിഎം നേതാക്കൾക്കെതിരെ സ്വപ്‌നാ സുരേഷ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയിട്ടും കേസെടുക്കാൻ തയാറാകാത്ത ഇരട്ടത്താപ്പ്, കൊവിഡ് മഹാമാരിയിൽ നടത്തിയ തീവെട്ടിക്കൊള്ള തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തിയാണ് സർക്കാരിനെതിരെ ശക്തമായ സമരപരമ്പരകൾക്ക് കോൺഗ്രസ് തുടക്കമിടുന്നത്.