പായിപ്രയിൽ അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പായിപ്രയിൽ അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പായിപ്ര: കുത്തനെയുള്ള കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിന്നിലേക്ക് പാഞ്ഞ് പിറകെ വന്ന സ്കൂട്ടർ തകർത്ത് വീടിന്റെ മതിലിൽ ഇടിച്ചുനിന്നു. ലോറി പിന്നിലേക്ക് വരുന്നതു കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് ഓടി മാറിയതിനാൽ അമ്മയും മകളും രക്ഷപ്പെട്ടു. 
പായിപ്ര മൈക്രോവേവ് റോഡിൽ ഇന്നലെ(ബുധൻ)  വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ലോറിക്ക് പിന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പായിപ്ര കമ്മറ്റം പരീതിന്റെ ഭാര്യ റസിയ, മകൾ ഫർസാന എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മൈക്രോവേവ് റോഡിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലേക്ക് ലോഡ് എടുക്കാൻ പോകുകയായിരുന്ന ലോറി കുത്തനെയുള്ള കയറ്റത്തിൽ വെച്ച് നിയന്ത്രണം വിട്ട് പിന്നോട്ട് പായുകയായിരുന്നു. ലോറിക്ക് പിന്നിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു അമ്മയും മകളും. ലോറി നിയന്ത്രണം വിട്ട് പിന്നോട്ടു നീങ്ങിയതോടെ ഡ്രൈവർ വിളിച്ചു കൂവുകയായിരുന്നു.
ഇതോടെയാണ് സ്കൂട്ടർ റോഡിൽ ഉപേക്ഷിച്ച് വീട്ടമ്മയും മകളും ഓടിമാറിയത്. ഇവർ ഓടിമാറുന്നതിനിടെ ലോറി സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർത്തു നിന്നു. ലോറി നേരെ പ്രധാന റോഡിലേക്ക് പോയിരുന്നെങ്കിൽ കടകളും ട്രാൻസ്ഫോർമറുകളും ഇടിച്ചു തകർത്ത് വൻ ദുരന്തത്തിനു കാരണമായേനെ.