റവന്യൂ ജില്ല ശാസ്ത്രോത്സവം നവംബർ ഒന്ന് മുതൽ മൂന്ന് വരെ മൂവാറ്റുപുഴയിൽ

റവന്യൂ ജില്ല ശാസ്ത്രോത്സവം  നവംബർ ഒന്ന് മുതൽ മൂന്ന് വരെ മൂവാറ്റുപുഴയിൽ
വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ല ശാസ്ത്രോത്സവം മൂവാറ്റുപുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ നിർമല ഹയർസെക്കന്ററി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിന്റെ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കോവിഡിന് ശേഷം വിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ  നടത്തുന്ന ആദ്യ മേളയാണ് ശാസ്ത്രോത്സവം. നവംബർ ഒന്ന് മുതൽ മൂന്ന് വരെ മൂവാറ്റുപുഴ നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്കൂളുകളിലായാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള, വൊക്കേഷനൽ എക്സ്പോ എന്നിവയാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. നവംബർ ഒന്നാം തീയതി രജിസ്റ്ററേഷനും മറ്റു പരിപാടികൾ രണ്ട്, മൂന്ന് ദിവസങ്ങളിലുമായി നടക്കും. ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുക്കും. 
പ്രധാന വേദിയായ മൂവാറ്റുപുഴ നിർമല എച്ച്.എസ്.എസിലാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപന സമ്മേളനങ്ങളുടെ വേദിയും നിർമല സ്കൂൾ തന്നെയാണ്.  എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മൂവാറ്റുപുഴയാണ് ഗണിത ശാസ്ത്രമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള എന്നിവ സെന്റ് അഗസ്റ്റിൻ ഗേൾസ് ഹൈസ്കൂളിലും പ്രവർത്തി പരിചയ മേള മോഡൽ എച്ച്.എസ്.എസിലുമാണ് നടക്കുന്നത്. തർബിയത്ത് എച്ച്.എസ്.എസ് ആണ് വൊക്കേഷണൽ എക്സ്പോയുടെ വേദി. അധികൃതർ വേദികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമെങ്കിൽ കുടിവെള്ളം, വൈദ്യുതി   സൗകര്യങ്ങൾ അധികമായി ഏർപ്പെടുത്തും.
ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കോട്ടയം, എറണാകുളം ജില്ലകളിലെ 65 വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂകളിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനനവും വിപണനവും ഒരുക്കും. മേള കൂടുതൽ ജനകീയമാക്കുന്നതിനായി  പ്രത്യേക സെമിനാറുകളും സംഘടിപ്പിക്കും.  മേളയുടെ ലോഗോ കുട്ടികളെ കൊണ്ട് തന്നെ തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക മത്സരം സംഘടിപ്പിക്കും.
മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ, എം.പിമാരായ അഡ്വ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ റോജി എം. ജോൺ,  അൻവർ സാദത്ത്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, കെ ബാബു, ടി.ജെ വിനോദ്, ഉമ തോമസ്,  അഡ്വ. പി.വി ശ്രീനിജിൻ, അഡ്വ. അനൂപ് ജേക്കബ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്ടർ രേണു രാജ് തുടങ്ങിയവർ രക്ഷാധികാരികളായ സംഘാടകസമിതിയുടെ ചെയർമാൻ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എയാണ്. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.ടി എൽദോസ് വൈസ് ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമാണ്. 
സ്വാഗതസംഘം രൂപീകരണ യോഗത്തോടനുബന്ധിച്ച് നഗരസഭ കൗൺസിലർമാർ ചെയർമാന്മാരായും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം നൽകും. കുട്ടികൾക്ക് വേണ്ട താമസ സൗകര്യവും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എല്ലാ വേദികളും വൈദ്യ സഹായവും തയ്യാറാക്കും. ഗതാഗത തടസം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും. ക്രമസമാധാന പാലനത്തിന്റെ ചുമതല പൊലീസിനും  സുരക്ഷ ചുമതല അഗ്നി രക്ഷാ സേനക്കുമാണ്.
യോഗത്തിൽ മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ്, എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, മൂവാറ്റുപുഴ ജില്ല വിദ്യാഭ്യാസ ഓഫീസർ  ആർ. വിജയ, മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ ജി. അനിൽകുമാർ, നഗരസഭ കൗൺസിലർമാരായ ജോർജ് ജോളി  മണ്ണൂർ, ജിനു ആന്റണി മടയിക്കൽ, വി.എ ജാഫർ സാദിക്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ജീജ വിജയൻ, നിർമല ഹയർ സെക്കഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം തുടങ്ങിയവർ സന്നിഹിതരായി.