കഥകളി സംഗീതാചാര്യന്‍ ചേർത്തല തങ്കപ്പ പണിക്കര്‍ 95-ന്റെ നിറവിൽ

കഥകളി സംഗീതാചാര്യന്‍  ചേർത്തല തങ്കപ്പ പണിക്കര്‍ 95-ന്റെ  നിറവിൽ
ഏഴര പതിറ്റാണ്ടു കാലം കഥകളി സംഗീത രംഗത്ത് നിറഞ്ഞുനിന്ന അതുല്യ പ്രതിഭയാണ് ചേർത്തല തങ്കപ്പൻ. ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള  അദ്ദേഹത്തിന് ഈ വർഷത്തെ കളിയച്ഛൻ പുരസ്കാരം ലഭിച്ചു. പറവൂർ കളിയരങ്ങ് പ്രവർത്തകർ അദ്ദേഹത്തിന്റെ പായിപ്രയിലെ  വീട്ടിലെത്തിയാണ് പുരസ്കാരം നൽകി ആദരിച്ചത്.
കഥകളിസംഗീതത്തിൽ തെക്കൻ ശൈലിയും, വടക്കൻ ശൈലിയും  ഒരുപോലെ വഴങ്ങുന്ന കഥകളി സംഗീതജ്ഞൻ ചേർത്തല തങ്കപ്പ  പണിക്കർ തൊണ്ണൂറ്റിയഞ്ചാം വയസിലും തന്റെ  സംഗീതസപര്യ തുടരുകയാണ്. പ്രായം തോൽക്കുന്നു ഒരു പ്രതിഭയുടെ മുന്നിൽ.. ഇന്നും കഥകളിപദങ്ങൾ പൊലിമ ചോരാതെ ആലപിക്കുമ്പോൾ ആ മഹാനായ കലാകാരന്റെ  സ്വരം പതറുന്നില്ല. പ്രായാധിക്യം കൊണ്ട് വേദികളെ ഒഴിവാക്കി മൂവാറ്റുപുഴ പായിപ്രയിലെ  വീട്ടിൽ വിശ്രമിക്കുന്ന തങ്ക പണിക്കർ കഥകളിയെ സ്നേഹിക്കുന്നവർക്ക് ഒരു വിസ്മയമാണ്. ഇത്, ഏഴര പതിറ്റാണ്ടു കാലം കഥകളി സംഗീത രംഗത്ത് നിറഞ്ഞുനിന്ന അതുല്യപ്രതിഭ ചേർത്തല തങ്കപ്പ പണിക്കര്‍.കൊട്ടും,ആട്ടവും,പാട്ടും ഒരുപോലെ സമ്മേളിക്കുന്ന വേദികളിൽ നടന്മാരുടെ ഭാവാഭിനയത്തെ  പരകോടിയിലെതിക്കാൻ ശ്രുതി തെറ്റാത്ത ആലാപനം കൊണ്ട് സഹായിച്ച കലാകാരൻ. ശ്രവ്യ സംഗീതത്തേക്കാൾ അഭിനയ സംഗീതത്തിന് പ്രാധാന്യം നൽകി, കഥകളി  അരങ്ങുകളും മനസ്സുകളും കീഴടക്കിയ അദ്ദേഹത്തിന്  ഈ വർഷത്തെ കളിയഛന്‍  പുരസ്കാരം കൂടി ലഭിച്ചു. ഒട്ടേറെ അംഗീകാരങ്ങൾ ഈ അപൂർവ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. കലാമണ്ഡലം ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഇന്റര്‍നാഷണൽ കഥകളി സെന്റര്‍ പുരസ്കാരം തുടങ്ങി ഒട്ടേറെ  അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള   ചേർത്തല തങ്കപ്പപ്പണിക്കര്‍ ഇപ്പോൾ പായിപ്രയിലെ വീട്ടിൽ വിശ്രമത്തിലാണ്.പറവൂര്‍ കളിയരങ്ങ് പ്രവർത്തകർ  അദ്ദേഹത്തിന്റെ  വീട്ടിലെത്തിയാണ് കളിയച്ഛൻ പുരസ്കാരം നൽകി ആദരിച്ചത്. വസതിയിൽ നടന്ന ചടങ്ങിൽ പ്രൊഫസര്‍ KN വിഷ്ണു നമ്പൂതിരി, പ്രശസ്ത കഥകളി നടൻ ഡോക്ടര്‍ സദനം  കൃഷ്ണൻകുട്ടി, കളിയരങ്ങ് ഭാരവാഹികളായ അഡ്വ ജി പത്മരാജ്, സ്നേഹ കുമാര്‍,CG   സത്യൻ വാര്യർ, വിജയൻ പത്മനാഭൻ, ജി ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പ്രായം ശബ്ദത്തിൽ ഇടർച്ചയുണ്ടാക്കിയതോടെ  കളിയരങ്ങിൽ നിന്ന് പിൻമാറിയ തങ്കപ്പ പണിക്കർക്ക് കഥകളി സംഗീതം ഇന്നും ഒരു ലഹരിയാണ്. ഒരിക്കലും ഉപേക്ഷിക്കാനാവാത്ത  ലഹരി. കഥകളിപദങ്ങൾ അദ്ദേഹത്തിന്റെ  ശൈലിയിൽ ആലപിക്കുമ്പോൾ  നമുക്കും അത് വിസ്മയമാണ്.പ്രായം 95 ആയെങ്കിലും ഭാവവും താളവും സമ്മേളിക്കുന്ന ആലാപനശൈലി നമ്മെ പിടിച്ചിരുത്തുന്നു. ഇരുവശത്തുമിട്ട കനത്ത തിരികളില്‍   ജ്വലിക്കുന്ന ആട്ടവിളക്കിനു പിന്നിൽ  നിന്ന് പച്ചയും, കത്തിയും,താടിയും,കരിയും കാഴ്ചക്കാരുടെ  മനസ്സിലേക്ക് കത്തിക്കറുമ്പോൾ, ഒപ്പം ഭാവവും താളവും ലയിപ്പിച്ച ആ മാസ്മരിക സംഗീതവുണ്ടായിരുന്നു.  സോപാന സംഗീതത്തിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിലേക്ക് വഴി മാറാതെ, സോപാനസംഗീതത്തിൽ തന്നെ പരിഷ്കാരങ്ങൾ വരുത്തുന്നതാണ് ഉചിതമെന്ന് തങ്കപ്പ പണിക്കർ പറയുന്നു.(B) സോപാനസംഗീതത്തെ അതിരറ്റ് സ്നേഹിച്ച്, അതിൽ മുഴുകി, വേദികളിൽ സോപാനസംഗീതം മഴയായി പൊഴിയിച്ച  അതുല്യ പ്രതിഭയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നാണ്   ഞങ്ങൾ മടങ്ങിയത്. 1927 നവംബറിൽ ചേർത്തല വാത്യാട്ടു വീട്ടിൽ ജനിച്ച തങ്കപ്പ പണിക്കര്‍  നാലായിരത്തിൽപ്പരം  വേദികളിൽ പാടിയിട്ടുണ്ട്. ഭാര്യ വിലാസിനി കുഞ്ഞമ്മക്കും, മക്കൾക്കുമൊപ്പം ഏറെ സന്തോഷത്തോടെയാണ് സോപാന സംഗീതത്തെ  പ്രണയിച്ച ആ  അതുല്യപ്രതിഭ പായിപ്രയിലെ വീട്ടില്‍  വിശ്രമജീവിതം നയിക്കുന്നത്.