വേമ്പനാട്ടുകായലിനെ നീന്തിത്തോൽപ്പിച്ചു വാരപ്പെട്ടി സ്വദേശിനിയായ പതിനൊന്നു വയസുകാരി

വേമ്പനാട്ടുകായലിനെ നീന്തിത്തോൽപ്പിച്ചു വാരപ്പെട്ടി സ്വദേശിനിയായ പതിനൊന്നു വയസുകാരി
വൈക്കം വേമ്പനാട്ടുകായലോളങ്ങൾക്കുമീതേ ഇന്നൊരു ‘കുഞ്ഞുമീൻ’ നീന്തിക്കയറി. വാരപെട്ടി സ്വദേശിനിയായ പതിനൊന്നുകാരിയായ ലയ ബി നായരാണ്‌ ഇന്ന് രാവിലെ 7.30 ന്‌ കൈകൾ വിലങ്ങിട്ട് ബന്ധിച്ച് കായൽ കീഴടക്കിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽനിന്ന് വൈക്കം കായലോര ബീച്ചിലേക്കാണ് നാലര കിലോമീറ്റർ ദൂരം ഈ കൊച്ചുമിടുക്കി നീന്തിയത്. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ്‌, നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെയും വാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടെ മകളാണ് ലയ.  രാവിലെ 7.30 ന് അരൂർ എംഎൽഎ ദലിമ ജോജോ ലയയുടെ കൈകളിൽ വിലങ്ങണിയിച്ചു. രണ്ടുമണിക്കൂർ കഴിഞ്ഞ് 9.30 ഓടെ വൈക്കം കായലോര ബീച്ചിലാണ് ലയ നീന്തൽ അവസാനിപ്പിച്ചത്. മൂവാറ്റുപുഴയിൽ അഞ്ചു കിലോമീറ്റർ നീന്തിയും പഞ്ചായത്ത്‌ കുളത്തിൽ നിരന്തരം നീന്തിനേടിയ ആത്മവിശ്വാസത്തിന്റെ കരുത്തിലുമാണ്‌ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് നീന്തിക്കടക്കാൻ ലയ എത്തിയത്. കായലോര ബീച്ചിൽ കോട്ടയം എം പി തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ലയയെ ഉപഹാരംനൽകി സ്വീകരിച്ചു.  കുട്ടിയുടെ സുരക്ഷ മുൻനിർത്തി അഞ്ചുമീറ്ററകലെ അച്ഛൻ  ബിജു തങ്കപ്പൻ, സഹപരിശീലകൻ സജിത്ത് ടോം എന്നിവർ വള്ളത്തിൽ അനുഗമിക്കും. ഈ വർഷം ഇതിനകം ബിജു തങ്കപ്പൻ പരിശീലിപ്പിച്ച നാലുകുരുന്നുകൾ വേമ്പനാട്ടുകായൽ നീന്തിക്കടന്നു റെക്കോഡ് നേടിയിരുന്നു.
 പിന്നീട് ചേർന്ന് അനുമോദന ചടങ്ങിൽ കോട്ടയം എംപി തോമസ് ചാഴികാടൻ, കോതമംഗലം എംഎൽഎ ആന്റണി ജോൺ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. നീന്തൽ പ്രകടനം മുഴുവൻ വീഡിയോയിൽ പകർത്തി ഗിന്നസ് റെക്കോർഡ് അധികൃതർക്ക് അയച്ചുകൊടുക്കും. നിലവിലെ ഗിന്നസ് റെക്കോർഡ് തകർത്താണ് ലയ നീന്തൽ പൂർത്തീകരിച്ചത്.