ദുരാചാരങ്ങള്‍ക്ക് എതിരെ ബില്ല് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ദുരാചാരങ്ങള്‍ക്ക് എതിരെ ബില്ല് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ
മൂവാറ്റുപുഴ: ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തി നിയമസഭയില്‍ ബില്ല് കൊണ്ട് വരണം എന്ന ആവശ്യവുമായി മാത്യൂ കുഴല്‍നടന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും, നിയമസഭാ സ്പീക്കര്‍ എഎം ഷംസീറിനും കത്തു നല്‍കി. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഐശ്വര്യലബ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളും ഇടനിലക്കാരനുമടക്കം മൂന്ന് പേരാണ് പിടിയിലായിട്ടുള്ളത്. കൂടാതെ മറ്റു രൂപത്തില്‍ ഉള്ള  ദുരാചാര കേന്ദ്രങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ നിയമസഭയില്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യവുമായി മുവാറ്റുപുഴ എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തില്‍ നിയമസഭാംഗം കെഡി പ്രസന്നന്‍ നിയമസഭയ്ക്ക് മുന്‍പാകെ കൊണ്ടുവന്ന 'കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍' ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തി ഉള്ളതായി കാണണമെന്നും എംഎല്‍എ പറഞ്ഞു.
ഏതാനും ചില ദുഷ്ശക്തികള്‍ ഉന്നത ശാസ്ത്രബോധമുള്ള നമ്മുടെ സമൂഹത്തിലും ശേഷിക്കുന്നു എന്ന് നാം ഏവരും കണ്ണു തുറന്നു കാണേണ്ടതുണ്ട്. ഈ മാലിന്യങ്ങളും മലിനാചാരങ്ങളും നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്നില്‍ നിന്നും  തടയിടുന്നിന് കെഡി പ്രസേനന്‍ അവരിപ്പിച്ച ബില്ലിന്റെ ചുവടുപിടിച്ച് ശക്തമായ ഒരു നിയമനിര്‍മാണം നടത്തുന്നിന് മുഖ്യമന്ത്രിയുടെ ഇടപെടലുകളും നടപടികളും ഉണ്ടാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ഇന്നത്തെ കേരളത്തില്‍ ഈ ഉത്തരാധുനിക കാലത്തും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മുറകെ പിടിച്ചു കൊണ്ട് ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നതായും അതിന്റെയെല്ലാം തെളിവുകള്‍ ആണ് ഈ കുറച്ചു നാളുകളായി നാം ഞെട്ടലോടെ കേട്ടുകൊണ്ട് ഇരിക്കുന്നതെന്നും വളരെ കുറച്ച് ആളുകളില്‍  മാത്രം കണ്ടുവരുന്ന ഈ വൈകൃതങ്ങള്‍ കൂടുതല്‍ പേരിലേക്ക് പടര്‍ന്നു കയറുന്നതിന് മുന്നേ എത്രയും വേഗം ഇതിനെ ഒറ്റപെടുത്തി, ഇതില്‍ നിന്നും കേരള സമൂഹത്തെ കര കയറ്റണമെന്നും ഇതിനായി  നിയമനിര്‍മാണം നടത്താന്‍ എല്ലാ സാമാജികരും മുന്‍വിചാരത്തോടെ ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും എംഎല്‍എ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.