വാട്ടർ അതോറിറ്റി ഓഫീസിൽ നഗരസഭ കൗൺസിലർമാരുടെ ഉപരോധം _ മന്ത്രി. റോഷി അഗസ്റ്റിൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

വാട്ടർ അതോറിറ്റി ഓഫീസിൽ നഗരസഭ കൗൺസിലർമാരുടെ ഉപരോധം _ മന്ത്രി. റോഷി അഗസ്റ്റിൻ  ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് ലൈൻ പൊട്ടിയതിനാൽ കുടിവെള്ള വിതരണം തടസ്സപ്പെടുകയും റോഡുകൾ നശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ വാട്ടർ അതോറിറ്റി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാംഗങ്ങൾ വാട്ടർ അതോറിറ്റി സൂപ്രണ്ടിനെ ഉപരോധിച്ചു.  തുടർന്ന് നടന്ന ചർച്ചയിൽ കരാറുകാർ പണിമുടക്കിയതിനാലാണ് പണി നീണ്ടു പോകുന്നതെന്ന് സൂപ്രണ്ട് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൗൺസിലർമാർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിക്കുകയും മന്ത്രി അടിയന്തരമായി നടപടികൾ സ്വീകരിക്കുവാൻ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു. 
 ഇതേത്തുടർന്ന് എല്ലാ വാർഡുകളിലെയും അടിയന്തരമായി പരിഹരിയ്‌ക്കേണ്ട പൈപ്പ് ലൈൻ പൊട്ടിയത് സംബന്ധമായ പ്രശ്നങ്ങൾ രേഖപ്പെടുത്തി താൽക്കാലിക കരാറുകാരെ വച്ച് പണികൾ ആരംഭിക്കുവാനുള്ള നടപടികൾ സൂപ്രണ്ട് സ്വീകരിച്ചു. നിലവിൽ പൈപ്പ് ലൈൻ നന്നാക്കിയതിന്റെ ഭാഗമായി റോഡിലുള്ള കുഴികൾ അടയ്ക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ചർച്ചയിൽ ഉറപ്പു നൽകി.
 രണ്ടു മാസത്തിലേറെയായി  പൊട്ടിക്കിടന്ന പൈപ്പ് ലൈനുകളിലൂടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായിക്കൊണ്ടിരുന്നത്. പല പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെട്ടിരുന്നു. പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്ന വെള്ളം കെട്ടിക്കിടന്ന് പലയിടങ്ങളിലും റോഡുകൾ താഴ്ന്നു തുടങ്ങിയിരുന്നു. ഈയൊരു പ്രശ്നത്തിനാണ് കൗൺസിലർമാരുടെ ഇടപെടലോടുകൂടി പരിഹാരമായിരിയ്ക്കുന്നത്. 
 ചർച്ചയിൽ വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
 കൗൺസിലർമാരായ ജിനു മടേക്കൻ, ജോയ്സ് മേരി ആന്റണി, ജോസ് കുര്യാക്കോസ്,ലൈല ഹനീഫ, രാജശ്രീ രാജു ജോളി മണ്ണൂർ തുടങ്ങിയവർ ഉപരോധത്തിനും  ചർച്ചയ്ക്കും നേതൃത്വം നൽകി.
നടപടികളിൽ താമസം നേരിട്ടാൽ ഇനിയും ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്ന് ജോയ്‌സ് മേരി ആന്റണിയും ജിനു മടേക്കനും അറിയിച്ചു.  
 രണ്ടുവർഷത്തെ കുടിശ്ശിക ഉള്ളതിനാൽ കരാറുകാർ ഇപ്പോഴും പണിമുടക്കിൽ തുടരുകയാണ് .