മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ ഹോസ്റ്റൽ പടിയിൽ ഇന്ന് രാവിലെ 9.30നാണ് അപകടമുണ്ടായത്. തൊടുപുഴ അൽ അസർ പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ഹ്യുണ്ടായ് ഐ10 കാറാണ് അപകടത്തിൽപ്പെട്ടത്.
മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷനിൽ വെച്ച് എതിരെ വന്ന കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ആറടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും നശിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ അൽ അസർ പോളിടെക്‌നിക് കോളേജ് രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയും പുത്തൻകുരിശ് സ്വദേശിയുമായ ആയുഷ് ബോബിയാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ വിഷ്ണു എൻ.ആർ, അഷറക്ക് അഹമ്മദ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലും അരുൺ ദിനേശ്, ഫസ്‌ലുൽ റഹ്മാൻ, സ്റ്റെഫിൻ വിൽസൺ എന്നിവരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.