മൂവാറ്റുപുഴ :നാടിന്റെ സ്നേഹ സ്പർശനത്തിന് കാത്തുനിൽക്കാതെ ഡിൻസി (42) യാത്രയായി. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോംസ് എന്ന അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാർ ചേർന്ന് ചികിത്സാ സഹായനിധി രൂപീകരിച്ച് 58 ലക്ഷത്തോളം രൂപ സ്വരൂപിച്ചെങ്കിലും ബാധിച്ച അപൂർവ്വ രോഗം ഡിൻസിയെ വീണ്ടും തോൽപിച്ചു.
മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനിയായ ഡിൻസി ഭർത്താവ് മരിച്ച ശേഷം നാട്ടുകാർ നിർമ്മിച്ചു നൽകിയ വീട്ടിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകനൊപ്പമായിരുന്നു താമസം. ഇതിനിടയിലാണ് രോഗബാധിതയായത്. ഡിൻസി ജീവിതത്തിലേക്ക് തിരികെ വരുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് വിഫലമായത്.
സംസ്കാരം നാളെ(ശനി) ഉച്ചകഴിഞ്ഞ് 2.30ന് കൂത്താട്ടുകുളം സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ.
ഭർത്താവ്: മേയ്ക്കൽ വീട്ടിൽ പരേതനായ മനോജ്, ഏക മകൻ: ക്രിസ്റ്റി (എട്ടാം ക്ലാസ് വിദ്യാർത്ഥി)