സ്പോർട്സ് റിസർച്ച് സെൻററിന് 1 കോടി രൂപ അനുമതിയായി- ഡീൻ കുര്യാക്കോസ് എം.പി

സ്പോർട്സ് റിസർച്ച് സെൻററിന്  1 കോടി രൂപ അനുമതിയായി- ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: തൊടുപുഴ ആയുർവേദ ജില്ലാ ആശുപത്രിയിൽ സ്പോർട്സ് റിസർച്ച് സെന്റർ ആരംഭിക്കുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.  അടിസ്ഥാന സൗകര്യ വികസനത്തിനായി 1 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കായിക താരങ്ങൾക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രത്യേക വിഭാഗം പ്രവർത്തിച്ചു വരികയായിരുന്നു. കായിക താരങ്ങൾക്ക് താമസ സൗകര്യമുൾപ്പടെയുള്ള  സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമുയർന്നപ്പോൾ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പാർലമെന്റിൽ വിഷയമുന്നയിക്കുകയും, കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവോൾ സംസ്ഥാന സർക്കാർ വഴി പ്രൊപ്പോസൽ അയച്ചാൽ ഇക്കാര്യത്തിൽ അനുമതി നൽകാമെന്ന് മറുപടി നൽകിയിരുന്നു. തുടർന്ന് സംസ്ഥാനത്തു നിന്നും നൽകിയ പ്രൊപ്പോസൽ കേന്ദ്ര ആയുഷ് മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ജില്ലാ ആയുർവേദ ആശുപത്രിക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് 1 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിന് സമർപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തിലാക്കുന്നതിന് വേണ്ടതായ നടപടികൾ സ്വീകരിക്കുമെന്നും, പുതിയ പദ്ധതി കായിക താരങ്ങൾക്ക് ലഭിക്കുന്ന വലിയ പ്രോൽസാഹനമാണെന്നും അഭിപ്രായപ്പെട്ടു. തുടർ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം വഴിയായും, ഡിപ്പാർട്ട്മെന്റ് ശ്രമം തുടരുമെന്നും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.